ടെൽ അവീവ്: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്വാനിലെ സ്കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ് വീണതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടത്തുകയായിരുന്നു.
റഫയിലെ ഒരു വീടിന് നേരെ നടന്ന ആക്രമണത്തിൽ ആറുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നടന്ന രണ്ടു ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. തുൽക്രം പട്ടണത്തിൽ ഹമാസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് പ്രാദേശിക കമാൻഡർ ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ നാല് ഇസ്ലാമിക് ജിഹാദ് പ്രവർത്തകരും കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ മരണം 590 കടന്നു. ഇതിനിടെ, മധ്യപൂർവദേശത്തെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങളും ഒരു വിമാനവാഹിനി കപ്പലും അയക്കുമെന്ന് യുഎസ് അറിയിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി