നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. പ്രതിയെ കുറിച്ച് ഒരു സൂചനയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ലക്ഷ്‌മി (75), മകൻ സുധാകരൻ (56) എന്നിവരെയാണ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമര വെട്ടിക്കൊന്നത്. ഇരുവരുടെയും പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. ലക്ഷ്‌മിയുടെ സംസ്‍കാരം ഇന്ന് നടത്തും.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു. 2019ലാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. ഒന്നരമാസം മുൻപ് ചെന്താമര ജാമ്യത്തിലിറങ്ങി. തുടർന്ന് സുധാകരനെയും ലക്ഷ്‌മിയെയും കൊല്ലുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിരുന്നു. തങ്ങൾക്ക് വധഭീഷണിയുള്ളതായി ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു.
എന്നാൽ, പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. 2019 ഓഗസ്‌റ്റ് 31നാണ് നെൻമാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകിയിരുന്നു. പോലീസ് വിളിച്ചുവരുത്തിയപ്പോൾ സ്‌റ്റേഷനിനുള്ളിൽ കയറാൻ തയ്യാറാകാതിരുന്ന പ്രതിയെ മുറ്റത്ത് വെച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇത് പോലീസിന്റെ വലിയ വീഴ്‌ചയാണെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പോലീസിന്റെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ, വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്‌ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജ്യോൽസ്യൻ പറഞ്ഞതനുസരിച്ചാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ അമ്മാവൻ പറഞ്ഞു. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും അമ്മാവൻ പറഞ്ഞു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും








































