പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ചയിൽ നടപടി. നെൻമാറ എസ്‌എച്ച്ഒ മഹേന്ദ്ര സിൻഹയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണ് സസ്‌പെൻഡ് ചെയ്‌തത്. കൊലക്കേസ് പ്രതിയായ ചെന്താമര ജാമ്യവ്യവസ്‌ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
നെൻമാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്‌ഥ ലംഘിച്ച ചെന്താമര അവിടെ ഒരുമാസം താമസിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി. നേരിട്ട് പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല. അന്നുതന്നെ കേസെടുത്ത് കോടതിയെ അറിയിച്ചാൽ സ്വാഭാവികമായും ജാമ്യം റദ്ദാക്കും.
പകരം, പ്രതിയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്‌ത് വിട്ടയക്കുകയാണ് പോലീസ് ചെയ്‌തത്. ഇത് ഗുരുതര വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‌എച്ച്ഒക്കെതിരെ നടപടിയെടുത്തത്. കൊല്ലപ്പെട്ട സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതര വീഴ്‌ചയാണെന്നാണ് നിയമ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
ചെന്താമര കോഴിക്കോട്ട് എത്തിയതായി സൂചനയുണ്ട്. ഇയാളെ താഴെ കക്കാടിന് അഞ്ചുകിലോമീറ്റർ ഉൾപ്രദേശത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. കറുത്ത മുണ്ടും ഷർട്ടും ധരിച്ച ആൾ പന്നി ഫാമിന് സമീപത്ത് ഉണ്ടായിരുന്നതായി പറയുന്നു. കുരങ്ങത്തുംപാറയുടെ ചെരുവിലുള്ള ഈ പ്രദേശം വിജനമാണ്. സമീപത്തെ വനത്തിൽ ഉൾപ്പടെ പ്രദേശത്ത് പോലീസ് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്‌റ്റ് 31നാണ് നെൻമാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകിയിരുന്നു. പോലീസ് വിളിച്ചുവരുത്തിയപ്പോൾ സ്‌റ്റേഷനിനുള്ളിൽ കയറാൻ തയ്യാറാകാതിരുന്ന പ്രതിയെ മുറ്റത്ത് വെച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇത് പോലീസിന്റെ വലിയ വീഴ്‌ചയാണെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും