പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ച സംബന്ധിച്ച് റിപ്പോർട് തേടി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. പാലക്കാട് എസ്‌പിയോടാണ് റിപ്പോർട് തേടിയത്. പ്രതി ചെന്താമര ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെൻമാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ.
എന്തുകൊണ്ടാണ് ജാമ്യവ്യവസ്‌ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാൻ അനുവദിച്ചത്, ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാഞ്ഞതെന്ത് എന്നത് സംബന്ധിച്ചുള്ള വിശദീകരണമാണ് എഡിജിപി പാലക്കാട് എസ്‌പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നെൻമാറ എസ്‌എച്ച്ഒ അടക്കമുള്ളവർക്കെതിരെ സ്‌ഥലം മാറ്റം ഉൾപ്പടെയുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്.
സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതര വീഴ്‌ചയാണെന്നാണ് നിയമ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്‌റ്റ് 31നാണ് നെൻമാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകിയിരുന്നു. പോലീസ് വിളിച്ചുവരുത്തിയപ്പോൾ സ്‌റ്റേഷനിനുള്ളിൽ കയറാൻ തയ്യാറാകാതിരുന്ന പ്രതിയെ മുറ്റത്ത് വെച്ച് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇത് പോലീസിന്റെ വലിയ വീഴ്‌ചയാണെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പോലീസിന്റെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ, വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്‌ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജ്യോൽസ്യൻ പറഞ്ഞതനുസരിച്ചാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ അമ്മാവൻ പറഞ്ഞു. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും അമ്മാവൻ പറഞ്ഞു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും