കാഠ്‌മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്‌ട്രീയം കളിക്കുകയാണ് സുശീല കാർക്കിയെന്ന് ഇവർ ആരോപിക്കുന്നു.
പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ഹാമി നേപ്പാൾ സ്‌ഥാപകൻ സുദൻ ഗുരുങ്ങിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ മൂന്ന് മന്ത്രിമാരെയാണ് സുശീല കാർക്കി നിയമിച്ചത്.
നിയമജ്‌ഞനും കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷായുടെ ഉപദേശകനുമായ ഓംപ്രകാശ് ആര്യാലാണ് ആഭ്യന്തര മന്ത്രി. മുൻ ധനകാര്യ സെക്രട്ടറി രാമേശ്വർ ഖനാൽ ധനകാര്യ മന്ത്രിയും വൈദ്യുതി വകുപ്പ് മുൻ സിഇഒ കുൽമാൻ ഗീഷിങ് വൈദ്യുതി മന്ത്രിയുമാണ്. മൂവരും ഇന്ന് പ്രസിഡണ്ട് റാംചന്ദ്ര പൗഡേലിന്റെ സാന്നിധ്യത്തിൽ സ്‌ഥാനമേൽക്കുകയും ചെയ്‌തു.
ഓംപ്രകാശ് ആര്യാലിനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതാണ് ജെൻ സീയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പ്രക്ഷോഭകരുടെ സമ്മതമില്ലാതെയാണ് ഈ നിയമനമെന്ന് സുദൻ ഗുരുങ് ആരോപിച്ചു. ഞായറാഴ്‌ച കാഠ്‌മണ്ഡുവിൽ സുദൻ ഗുരുങ് വിളിച്ച വാർത്താസമ്മേളനം ബഹളത്തിൽ മുങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇടക്കാല സർക്കാരിനെയും താഴെയിറക്കും എന്ന മുന്നറിയിപ്പമാണ് അദ്ദേഹം നൽകിയത്.
Most Read| ഇന്ത്യ-യുഎസ് വ്യാപാര ചർച്ച നാളെ; പ്രതിനിധി ഇന്ന് ഡെൽഹിയിലെത്തും