കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്‌തസാക്ഷികൾ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം നേപ്പാളി രൂപ ആശ്വാസധനമായി നൽകാനും പരിക്കേറ്റവരുടെ ആശുപത്രി ചിലവുകൾ സർക്കാർ വഹിക്കാനും തീരുമാനമായി.
ചീഫ് സെക്രട്ടറി ഏക്‌നാരായാൺ ആര്യാലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിൽസയ്‌ക്ക് ഫീസ് ഈടാക്കരുതെന്ന നിർദ്ദേശം എല്ലാ ആശുപത്രികൾക്കും നൽകിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞദിവസം കാഠ്‌മണ്ഡുവിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച ഇടക്കാല പ്രധാനമന്ത്രി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെ കണ്ടിരുന്നു.
കലാപത്തിൽ കൊല്ലപ്പെട്ടവരെ രക്‌തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബന്ധുക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആറുമാസത്തിൽ കൂടുതൽ ഇടക്കാല സർക്കാർ അധികാരത്തിൽ ഉണ്ടാവില്ലെന്നും അതിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നും സുശീല കാർക്കി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിലേക്ക് കടക്കാനുള്ള പാലമായാണ് തന്റെ സർക്കാർ പ്രവർത്തിക്കുകയെന്നും അവർ ഉറപ്പ് നൽകി.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം