മോസ്‌കോ: റഷ്യയിൽ ഇൻസ്‌റ്റഗ്രാമിന് പകരം ഫോട്ടോ ഷെയറിങ് ആപ്പായ റോസ്ഗ്രാം പുറത്തിറങ്ങുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് ഇൻസ്‌റ്റഗ്രാമിന് റഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പ് പുറത്തിറക്കാൻ റഷ്യ ഒരുങ്ങുന്നത്. ഈ മാസം 28 മുതൽ റോസ്ഗ്രാം ആപ്പ് സ്‌റ്റോറുകളിൽ ലഭ്യമാകുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഇൻസ്‌റ്റഗ്രാമിൽ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടന്റുകളിലേക്ക് പണം ഈടാക്കൽ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി. നിലവിൽ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഒക്കെ റഷ്യയിൽ വിലക്കിയിരിക്കുകയാണ്. റഷ്യൻ സൈന്യത്തിനെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്‌റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെ തുടർന്നാണ് ഇൻസ്‌റ്റഗ്രാമിനെതിരെയും റഷ്യ നടപടി സ്വീകരിച്ചത്.
അതേസമയം റഷ്യയിൽ ഗൂഗിൾ പ്ളേ സ്‌റ്റോർ വഴി നിലവിലുള്ള സബ്സ്‌ക്രിപ്ഷനുകൾ പുതുക്കാനോ കാൻസൽ ചെയ്യാനോ സാധിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് സബ്‌സ്‌ക്രിപ്‌ഷൻ എടുത്ത ഉപഭോക്‌താക്കൾക്ക് സേവനങ്ങൾക്ക് തടസം ഉണ്ടാകില്ല. നിലവിലുള്ള ബില്ലിങ് കാലാവധി തീരുന്നത് വരെ സേവനം ഉപയോഗിക്കാൻ സാധിക്കും. സൗജന്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ലെന്നും ഗൂഗിൾ അറിയിച്ചു.
Read also: ‘ഷി ദ പീപ്പിൾ’ വിമന്‍ റൈറ്റേഴ്‌സ് പുരസ്‌കാരം സാറാ ജോസഫിന്







































