കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്ഥാപിച്ച സോളാർ പ്ളാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ളാന്റാണ് പയ്യന്നൂരിലേത്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹരിത ഊർജ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണൂരിലെ ഏറ്റവും വലിയ സോളാർ പ്ളാന്റ് നിർമിച്ചത്. 12 മെഗാവാട്ടാണ് പ്ളാന്റിന്റെ സ്ഥാപിത ശേഷി.
നാടിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് സൗരോർജ പ്ളാന്റെന്ന് പദ്ധതി ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 36 ഏക്കറിലാണ് വിശാലമായ സൗരോർജ പ്ളാന്റ് നിർമിച്ചത്. ഭൂമിയുടെ ചെരിവ് നികത്താതെ നിലവിലുള്ള ഘടന നിലനിർത്തിയാണ് പ്ളാന്റിന്റെ നിർമാണം. ഭൂപ്രകൃതിക്ക് അനുയോജ്യമായാണ് പാനലുകൾ രൂപകൽപ്പന ചെയ്തത്.
ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്താത്തതിനാൽ സാധാരണ നിരപ്പായ സ്ഥലങ്ങളിൽ ഉള്ള പ്ളാന്റുകളെക്കാൾ 35 ശതമാനത്തിലധികം പാനലുകൾ ഇവിടെ സ്ഥാപിക്കാം. രണ്ട് വർഷം കൊണ്ടാണ് സിയാൽ സോളാർ പ്ളാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പുതിയ പ്ളാന്റിൽ നിന്ന് പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ സിയാലിന്റെ സോളാർ പ്ളാന്റുകളുടെ ശേഷി 50 മെഗാവാട്ടായി വർധിക്കും.
Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്റ്റഡിയിൽ എടുത്ത് പോലീസ്







































