ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത്.
നെവിന് പുറമെ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളാണ് മരിച്ചത്. ഡെൽഹി പോലീസാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ശനിയാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയിൽ കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളക്കെട്ട് ഉണ്ടായതാണ് അപകട കാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്ന് വിദ്യാർഥികളാണ് മരിച്ചത്.
സംഭവ സ്‌ഥലത്തെത്തിയ ദുരന്തനിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി വെള്ളത്തിൽ മുങ്ങി. ഇവിടെയിരുന്ന് പഠിക്കാനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ കനത്ത പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. സ്‌ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിന് നേരെ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ ഉയർന്നു. കോച്ചിങ് സെന്ററിൽ നടന്നത് അപകടമാണോ എന്ന് ആവർത്തിച്ച് ചോദിച്ച വിദ്യാർഥികളോട് അത് കൊലപാതകമാണെന്ന് സ്വാതി പറഞ്ഞു.
അപ്പോൾ കൊലപാതകത്തിന് ആരാണ് ഉത്തരവാദികൾ എന്ന് വിദ്യാർഥികൾ തിരിച്ചു ചോദിച്ചു. മരണത്തിൽ ഉത്തരവാദിത്തം സംബന്ധിച്ച് വാക്കേറ്റം ഉയർന്നു. നിലവിൽ സംഭവ സ്‌ഥലത്ത് കുത്തിയിരിക്കുന്ന സ്വതിയോട് വിദ്യാർഥികൾ സംസാരിക്കുകയാണ്. സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി