ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്‌ഥാപനങ്ങൾക്കും, ജീവനക്കാർക്കും പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്രം. ഇത് പ്രകാരം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന ജീവനക്കാർ ഓഫിസുകളിൽ എത്തേണ്ടതില്ല. കൂടാതെ അണ്ടർ സെക്രട്ടറിക്ക് താഴെയുള്ള ഉദ്യോഗസ്‌ഥർക്ക് 50 ശതമാനം വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും മാർഗ നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
കൂടാതെ ജീവനക്കാരിൽ ഗർഭിണികൾ ആയവരും, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും ഓഫിസിൽ ഹാജരാകേണ്ടതില്ലെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു. ഒപ്പം തന്നെ ആൾക്കൂട്ടം ഒഴിവാക്കുന്ന രീതിയിൽ ഓഫിസ് സമയം ക്രമീകരിക്കണമെന്ന തീരുമാനങ്ങൾക്കൊപ്പം ഓഫിസുകളിലെ ബയോ മെട്രിക് സംവിധാനം ഒഴിവാക്കിയെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് നിലവിൽ പ്രതിദിന കോവിഡ് ബാധ ഉയരുകയാണ്. ഇതുവരെ ഒമൈക്രോൺ ബാധിതരായ ആളുകളുടെ എണ്ണം 1,700 കടക്കുകയും ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ നാലിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ മിക്ക സംസ്‌ഥാനങ്ങളും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Read also: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ