ന്യൂഡെൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ, രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മ നിർഭർ റോസ്ഗാർ യോജന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും.
ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 39.7 ലക്ഷം നികുതിദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നൽകി. ഉൽസവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉൽസവ കാർഡ് വിതരണം ചെയ്തെന്നും മൂലധന ചെലവുകൾക്കായി 3,621 കോടി പലിശരഹിത വായ്പയും അനുവദിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
ഉൽപന്ന നിർമാണ ആനുകൂല്യ പദ്ധതിയുടെ (പിഎൽഐ) ഭാഗമായി രണ്ട് ലക്ഷം രൂപയുടെ ഇൻഡൻസീവ് സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ, പത്ത് മേഖലകളെ കൂടി പദ്ധതിക്ക് കീഴിൽ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തെന്ന് മന്ത്രി അറിയിച്ചു.
15000 രൂപയിൽ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സർക്കാർ നൽകും. എന്നാൽ, 1000ത്തിൽ അധികം പേരുള്ള കമ്പനികളിൽ ജീവനക്കാരുടെ വിഹിതം മാത്രമേ നൽകുകയുള്ളൂ. നഷ്ടത്തിലായ സംരംഭകർക്ക് അധിക അധിക വായ്പാ ഗ്യാരന്റി പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷം മൊറട്ടോറിയവും നാല് വർഷത്തെ തിരിച്ചടവ് കാലാവധിയും ഇതിലൂടെ നൽകും.
സർക്കാർ കരാറുകാർ കെട്ടിവെക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. നിലവിൽ ഇത് 5 മുതൽ 10 ശതമാനം വരെയായിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായ നികുതിയിളവും പ്രഖ്യാപിച്ചു. സർക്കിൾ റേറ്റിനും യഥാർഥ വിലക്കും ഇടയിൽ അവകാശപ്പെടാവുന്ന വ്യത്യാസം 10ൽ നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65000 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും കേന്ദ്രം അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
Also Read: കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ