തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ പ്രസിഡണ്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം സുധാകരനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായാണ് വിവരം.
മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് അന്തിമഘട്ടത്തിൽ പരിഗണനയിലുള്ളത്. യുവനേതാവ് റോജി എം ജോണിനെയും ദേശീയ നേതൃത്വം പരിഗണിച്ചിരുന്നു.
പാർട്ടിയെ സുധാകരൻ മികച്ച രീതിയിൽ നയിച്ചെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ, തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കെ പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഒമ്പതാം തീയതിക്കകം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതിനു മുൻപ് പ്രസിഡണ്ട് സ്‌ഥാനത്തും മാറ്റംവരണമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. തന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്‌ഥാനമൊഴിയുന്നതിൽ വലിയ എതിർപ്പൊന്നും സുധാകരൻ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിലും മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ