കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി എട്ടുമണിയോടെ വീടിന് മുകളിലുള്ള കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. ഒമ്പത് മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വർഷ വിദ്യാർഥിനിയാണ് ആർദ്ര. മാർച്ച് മൂന്നിന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്‌ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ