ശ്രീനഗർ: ഭീകരാക്രമണത്തിന് ജമ്മു കശ്‌മീരിലെ പഹൽഗാം മേഖല ഭീകരർ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പുറത്തുവിട്ട് എൻഐഎ. കശ്‌മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും, വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും, എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുമായ മേഖലയായതിനാലാണ് പഹൽഗാമിനെ ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
പ്രധാന നഗരത്തിൽ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു. മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണം മേഖലയിലെ സുരക്ഷാ വീഴ്‌ചകൾ വെളിവാക്കുന്നതാണെന്നും എൻഐഎയുടെ കണ്ടെത്തലിൽ പറയുന്നു.
ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ മലയാളി ഉൾപ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി സ്വദേശി എൻ രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര. ഒഡീഷ തുടങ്ങി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്ക് പരിക്കേറ്റിരുന്നു.
ദക്ഷിണ കശ്‌മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. പാക്കിസ്‌ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തി ഇന്ത്യ നശിപ്പിച്ചിരുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി