കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. രാജ്യാന്തര ബന്ധമുള്ള കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.
നിലവിൽ ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. കേസിൽ ഇതുവരെ മൂന്ന് പ്രതികൾ അറസ്‌റ്റിലായിട്ടുണ്ട്. ബ്രോക്കർമാരായ തൃശൂർ വലപ്പാട് സ്വദേശി സാബിത്ത്, ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റായ ബല്ലംകൊണ്ട രാമപ്രസാദ് എന്നിവരാണ് അറസ്‌റ്റിലായത്.
ഒന്നാംപ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എൻഐഎ കേസ് ഏറ്റെടുത്തിയിക്കുന്നത്. തൃശൂർ സ്വദേശി സാബിത്ത് നാസറാണ് കേസിൽ ആദ്യം പിടിയിലാകുന്നത്. മുംബൈയിൽ അറസ്‌റ്റിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം കിട്ടുന്നത്.
നിരന്തരം കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടിലായിരുന്നു സാബിത്തിന്റെ യാത്ര. വൃക്ക നൽകാൻ തയ്യാറാകുന്നവരെ കണ്ടെത്തി ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. വ്യാജ പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവ തയ്യാറാക്കിയാണ് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇതുവരെ ഇറാനിലേക്ക് കടത്തിയതായും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്.
പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത്. ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചുവെന്നും വിവരമുണ്ട്.
പത്ത് ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും ആറുലക്ഷം വരെയൊക്കെയാണ് നൽകുന്നതെന്നും സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്. ആൾക്ക് ഒന്നിന് അഞ്ചുലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മീഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്‌ക്കാണ് അവയവക്കടത്ത് സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സാബിത്ത് നൽകിയ മൊഴികൾ അടിസ്‌ഥാനമാക്കിയാണ് കേസിൽ കൂടുതൽ പേർ പിടിയിലായത്.
Most Read| ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു; ഹേമന്ത് സോറൻ അധികാരമേൽക്കും