മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ വിജയിച്ചു. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു.
2016ന് ശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. ഭരണവികാരം എൽഡിഎഫിനെതിരെ ആഞ്ഞടിച്ചു. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പിവി അൻവറിനും തിരഞ്ഞെടുപ്പിൽ അടിതെറ്റി. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി.
ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്‌ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യുഡിഎഫ് തട്ടകത്തിലേക്ക് തന്നെ എത്തി. എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിന് 800 വോട്ടിന്റെ ലീഡുണ്ടായി. കഴിഞ്ഞ തവണ 506 വോട്ടിന് എൽഡിഎഫ് ലീഡ് ചെയ്‌തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാതെ പോയത്.
അതേസമയം, ഐക്യ ജനാധിപത്യ മുന്നണിക്ക് ഉജ്വല വിജയം തന്ന നിലമ്പൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഒമ്പത് വർഷമായി അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്‌തെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണവിരുദ്ധ വികാരമാണ് കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മുൻപ് ഇല്ലാത്ത ഐക്യത്തോടെ യുഡിഎഫ് പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
Most Read| സയണിസ്‌റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്‌തു, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കും; ഖമനയി