മലപ്പുറം: നിലമ്പൂരിൽ ഫലമറിയാനുള്ള ആകാംക്ഷയിൽ മുന്നണികൾ. നിലമ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പ്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്. പോസ്‌റ്റൽ വോട്ടുകൾ 23 വരെ സ്വീകരിക്കുമെന്നതിനാൽ ശതമാനത്തിൽ നേരിയ വർധനയുണ്ടാകും.
മഴയെ വെല്ലുന്ന ആവേശത്തോടെ വോട്ടർമാർ ബൂത്തിലേക്ക് എത്തിയപ്പോൾ പെട്ടിയിലായ വോട്ടുകൾ അനുകൂലമാകുമെന്ന ആത്‌മവിശ്വാസത്തിലാണ് മുന്നണികൾ. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പിവി അൻവർ എന്നിവർ ഉൾപ്പടെ ആകെ 10 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
5000ത്തിനും 10000ത്തിനുമിടയിൽ ഭൂരിപക്ഷം നേടി ആര്യടാൻ ഷൗക്കത്ത് നിയമസഭയിൽ എത്തുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ അന്തിമ കണക്കുകൂട്ടൽ. മുന്നണിയിൽ അഭിപ്രായ ഭിന്നതകളില്ലാതെ നടത്തിയ പ്രചാരണം ഷൗക്കത്തിനെ മികച്ച ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിൽ നിർണായകമാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശ സ്‌ഥാപനങ്ങളിലും ലീഡ് ഉറപ്പാണെന്നാണ് യുഡിഎഫിന്റെ അവകാശവാദം. അതേസമയം, 1800നും 2000ത്തിനുമിടയിൽ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൾ പറയുന്നത്.
വഴക്കടവിലും എടക്കരയിലും യുഡിഎഫ് മുന്നിലെത്താം. എന്നാൽ, പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂർ നഗരസഭയിലും കൃത്യമായ ലീഡ് സ്വരാജിനുണ്ടാവുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും ഇടതുമുന്നണി പ്രതീക്ഷയർപ്പിക്കുന്നു.
നിലമ്പൂരിൽ മാറ്റം പ്രകടമായിരുന്നു എന്നും ഭരണവിരുദ്ധ വികാരം ഒട്ടും ഇല്ലെന്നുമാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. അതേസമയം, അൻവർ പിടിക്കുന്ന വോട്ട് എൽഡിഎഫിന്റേത് ആകുമെന്നും യുഡിഎഫിലും യുഡിഎഫിന്റേതാകുമെന്ന് എൽഡിഎഫിലും ചർച്ചകളുണ്ട്. എങ്കിലും ഏതെല്ലാം രീതിയിൽ അൻവറിന് അനുകൂലമായി അടിയൊഴുക്കുകൾ ഉണ്ടായെന്ന കാര്യത്തിൽ ഇരുമുന്നണികൾക്കും ആശങ്കയും ഉണ്ട്.
നിലമ്പൂരിൽ ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി രണ്ടുനാൾ കാത്തിരിക്കണം. ജൂൺ 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കുക. പിണറായി സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്.
Most Read| ‘മഞ്ഞുമ്മൽ ബോയ്‌സ്’ കേസ്; സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകി