തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും. പല സ്വതന്ത്രൻമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്‌ഥാനാർഥിയെ മൽസരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
പാർട്ടി സ്‌ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പാർട്ടി സ്‌ഥാനാർഥി പ്രഖ്യാപനം നടത്തിയത്. സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാനപോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സിപിഎം കളത്തിലിറക്കിയത്.
തൃപ്പൂണിത്തുറ മുൻ എംഎൽഎ ആയിരുന്ന സ്വരാജ് കഴിഞ്ഞതവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പിവി അൻവർ രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നൽകിയിരുന്നു.
നിലമ്പൂർ സ്വദേശിയായ സ്വരാജ്, വിദ്യാർഥി-യുവജന പ്രസ്‌ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് ഉയർന്നുവന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2016-2021 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാ അംഗമായിരുന്നു. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
സ്വരാജിന്റെ സ്‌ഥാനാർഥിത്വത്തോടെ ഇടതുമുന്നണിക്ക് നിലമ്പൂരിൽ വലിയ മുന്നേറ്റം നേടാൻ കഴിയുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ലക്ഷ്യമിടുന്ന വൻ കുതിപ്പിന് നാന്ദികുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിൽ നടക്കുകയെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
കഴിഞ്ഞതവണ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മൽസരിച്ച് ജയിച്ച പിവി അൻവർ സംഘടനയെ ഒറ്റിക്കൊടുത്ത് രാജിവെച്ചുപോയി. അൻവർ പാർട്ടിയെ വഞ്ചിച്ചു. രാഷ്‌ട്രീയ യൂദാസാണ് അൻവർ. കാലുപിടിക്കുമ്പോൾ ചെളിവാരിയെറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്‌ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം








































