മലപ്പുറം: നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് ‘കുഞ്ഞാക്കയുടെ ബാപ്പൂട്ടി’യാണ്. ആര്യാടൻ മുഹമ്മദ് എന്ന കോൺഗ്രസിന്റെ ‘നിലമ്പൂർ സുൽത്താൻ’ കുഞ്ഞാക്കയുടെ രാഷ്‌ട്രീയ പിൻമുറക്കാരൻ. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനെയും ചേർത്ത് പിടിച്ചിരിക്കുകയാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ ആത്‌മവിശ്വാസവും വിജയസാധ്യതയും കൂടെകൂട്ടിയാണ് ഷൗക്കത്തും യുഡിഎഫും മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത്. അന്ന് മുതലുണ്ടായ എല്ലാ വിവാദങ്ങൾക്കും ഇതോടെ മറുപടിയായി.
‘ആര്യാടൻ ഷൗക്കത്തിന് വോട്ട് ചെയ്‌താൽ ആരുടെ മുന്നിലും തലകുനിക്കേണ്ട ഗതികേട് വരുത്തില്ല’- എല്ലാ പ്രചാരണ യോഗത്തിലും ഷൗക്കത്ത് ഉറപ്പിച്ച് പറഞ്ഞ വാചകമാണിത്. അതിനൊപ്പം മണ്ഡലത്തിന്റെ മനസും ചേർന്നു. പ്രചാരണത്തിലെ ഓരോ ഘട്ടത്തിലും പിന്നോട്ടുപോകാതെ ഒന്നിച്ചുനിന്നാണ് യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചത്. മുസ്‌ലിം ലീഗും കോൺഗ്രസും ഒരേമനസോടെ ഒത്തുപിടിച്ചാണ് നിലമ്പൂരിലെ ഈ അഭിമാനപോരാട്ടത്തിൽ ജയം പിടിച്ചെടുത്തത്.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ വിജയിച്ചത്. ഷൗക്കത്തിന് 77,737 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന് 66,660 വോട്ടും അൻവറിന് 19,760 വോട്ടും എൻഡിഎ സ്‌ഥാനാർഥി സ്‌ഥാനാർഥി മോഹൻ ജോർജിന് 8648 വോട്ടും ലഭിച്ചു.

നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം 99ൽ നിന്ന് 98 ആയി ചുരുങ്ങി. ഒമ്പത് വർഷക്കാലം എൽഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. 2016ൽ പിവി അൻവറിനോട് നിലമ്പൂരിൽ പരാജയപ്പെട്ട ഷൗക്കത്ത് അൻവർ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മൽസരിച്ച് ജയിച്ച് കന്നിയംഗമായി നിയമസഭയിലേക്ക് എത്തുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകൾ മുതൽ കാര്യമായ മുൻകൈ ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി.
ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്‌ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യുഡിഎഫ് തട്ടകത്തിലേക്ക് തന്നെ എത്തി. എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിന് 800 വോട്ടിന്റെ ലീഡുണ്ടായി. കഴിഞ്ഞ തവണ 506 വോട്ടിന് എൽഡിഎഫ് ലീഡ് ചെയ്‌തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാതെ പോയത്.

Indian Express – Malayalam)
യുഡിഎഫ്-എൽഡിഎഫ് വോട്ടുകൾ ഒരുപോലെ അൻവർ നേടിയെന്നാണ് വിലയിരുത്തൽ. 20,000ത്തിന് അടുത്ത് വോട്ട് നേടിയതോടെ പിവി അൻവറിനും നിലമ്പൂരിൽ ആശ്വാസപോരാട്ടമായി. നിലമ്പൂരിൽ ജയിച്ചതോടെ സംസ്‌ഥാന ഭരണം തിരിച്ചുപിടിക്കാമെന്ന ആത്‌മവിശ്വാസവും യുഡിഎഫ് നേതൃത്വത്തിന് ലഭിച്ചു. പിവി അൻവറിന്റെ പിടിവാശിക്ക് പിടികൊടുക്കാതെ ഷൗക്കത്തിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിൽ ഉറച്ച നിലപാടോടെ മുന്നോട്ടുപോയ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ വിജയം ആശ്വാസമാണ്.
1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്‌ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നാലുമക്കളിൽ രണ്ടാമത്തെയാളാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് പിവി അൻവർ നിയമസഭയിലെത്തിയത്.
രാഷ്‌ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും കഴിവ് തെളിയിച്ച വ്യക്‌തിത്വത്തിന് ഉടമയാണ് ആര്യാടന്‍ ഷൗക്കത്ത്. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിൽ കെഎസ്‍യുവിന്റെ സ്‌കൂള്‍ ലീഡറായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട്, കെഎസ്‍യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡണ്ട്, കെപിസിസി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാൻ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്‌ഥാന ചെയര്‍മാന്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ പാരമ്പര്യം കൂടി കാത്തുസൂക്ഷിച്ച് ഷൗക്കത്ത് ജയിച്ചുകയറിയതോടെ, മണ്ഡലത്തിന് പുറമേ സംസ്‌ഥാന രാഷ്‌ട്രീയത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഏറെയാണ്. ഒരുവർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഎഡിഎഫിന് ആത്‌മവിശ്വാസത്തിന്റെ ആദ്യ ഡോസാവുകയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!