സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് ദുരൂഹ ഫോൺകോൾ വന്നതായി റിപ്പോർട്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ച് വനിതാ അഭിഭാഷകയുടേതായിരുന്നു ഫോൺ സന്ദേശം. വധശിക്ഷ തീയതി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്‌തമാക്കി.
അമ്മയ്‌ക്ക് അയച്ച ഫോൺ സന്ദേശത്തിലാണ് നിമിഷപ്രിയം അഭിഭാഷകയുടെ ഫോൺകോൾ വന്ന വിവരം അറിയിച്ചത്. യെമന്റെ തലസ്‌ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ. ”അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്‌ത്രീയുടേതാണ്. ജയിൽ ഓഫീസിലേക്ക് വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്ന് പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു ഒന്നുമായില്ല. കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു.
അപ്പോഴാണ് അവർ പറഞ്ഞത്, വധശിക്ഷയുടെ ഓർഡർ ഇവിടെ ജയിൽവരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും നല്ല വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്ന് പറഞ്ഞേക്ക്”- ശബ്‌ദ സന്ദേശത്തിൽ നിമിഷ പറഞ്ഞു.
എന്നാൽ, ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തിൽ വ്യക്‌തതയില്ല. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ജയിലിൽ വന്നതായി ഔദ്യോഗികമായി അറിയില്ല. അതേസമയം, റമദാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനും മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആളുമായ സാമുവൽ ജെറോം പറഞ്ഞു.
തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. 2017 ജൂലൈ 25നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































