മനസുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും, പ്രായം ഒന്നിനുമൊരു തടസമല്ലെന്നും തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരിയായ ഈ മുത്തശ്ശി. ഗിന്നസ് വേൾഡ് റെക്കോർക്കോർഡ്സിന്റെ ഏറ്റവും പുതിയ റൗണ്ടപ്പിൽ, ഏറ്റവും പ്രായം കൂടിയ ലേഡി നിൻജയായി തിരഞ്ഞെടുത്ത ‘വിർജീനിയ ലെനോർ മക്കോൾ’ എന്ന 71– കാരിയാണ് ഏവർക്കും അത്ഭുതവും മാതൃകയുമായിരിക്കുന്നത്.
ചുറുചുറുക്കുള്ള ഒരു യോദ്ധാവിനെ പോലെ നിൻജ മുറകൾ പഠിപ്പിക്കുന്ന വിർജീനിയ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല, ലോകം അറിയപ്പെടുന്ന ഒരാളായി താനും മാറുമെന്ന്. പ്രായം ഒന്നിനും തടസമാകരുതെന്ന് തന്നിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ് ഈ ധീര വനിത. 66ആം വയസിലാണ് വിർജീനിയ, നിൻജ അഭ്യസിച്ചു തുടങ്ങുന്നതും മൽസരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയതും.
വയസുകാലത്ത് മാതാവിനെ ബോറടിയിൽ നിന്നും രക്ഷപ്പെടുത്താൻ മകൾ തിരഞ്ഞെടുത്ത വഴിയാണ് നിൻജ അഭ്യാസം. എന്നാൽ, ആ മകൾ പോലും വിചാരിച്ചു കാണില്ല, തന്റെ അമ്മ ഈ പ്രായത്തിൽ ലോകമറിയുന്ന ഒരാളായി മാറുമെന്ന്. മകൾ ജെസ്സി ഗ്രാഫ് ‘അമേരിക്കൻ നിൻജ വാരിയർ’ എന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് അമ്മയേയും അതേ കായികയിനം തന്നെ പരിശീലിപ്പിക്കാമെന്ന് തീരുമാനിച്ചത്.
ഇതിനായി മകളും ഭർത്താവും തന്നെയാണ് വിർജീനിയക്ക് ഏറ്റവും വലിയ പിന്തുണ നൽകിയതും. ഒരു ഇഷ്ടത്തിന്റെ പുറത്താണ് വിർജീനിയ നിൻജ പഠിച്ചുതുടങ്ങിയത്. പിന്നാലെയാണ് വളരെ ഗൗരവമുള്ളൊരു അഭ്യാസ മുറയായി വിർജീനിയ നിൻജയെ സമീപിച്ചത്. പിന്നീട്, കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. അങ്ങനെയാണ് നിൻജ വാരിയർ മൽസരത്തിൽ പങ്കെടുക്കുന്നതും അതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലേഡി നിൻജ വാരിയറായി തിരഞ്ഞെടുക്കപ്പെടുന്നതും.
തൊട്ടുപിറകെ ഗിന്നസ് വേൾഡ് റെക്കോർഡ് ബഹുമതിയും ഈ അമ്മൂമ്മയെ തേടിയെത്തി. ‘പ്രായവും പരിചയക്കുറവും ഒരിക്കലും ഒന്നിനും തടസമാകരുത്. ഇത് യാത്രയുടെ ഒരു ഭാഗം മാത്രമാണ്. തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഹോബിയെ ലോകം അംഗീകരിച്ചതിൽ അതിയായ സന്തോഷം. തന്റെ നമ്പർ വൺ ഫാൻ ഭർത്താവാണെന്നും’ വിർജീനിയ അമ്മൂമ്മ പ്രതികരിച്ചു.
അങ്ങേയറ്റം കായികാഭ്യാസം ആവശ്യമുള്ള ഒരു കായിക ഇനമാണ് നിൻജ. അത് ഈ പ്രായത്തിൽ അമ്മൂമ്മയ്ക്ക് ചെയ്യാൻ സാധിച്ചുവെന്നതിൽ പലരെയും അമ്പരപ്പിച്ചു. പ്രായം ഒന്നിനും തടസമാകരുതെന്നും നമ്മുടെ മനസ് പറയുന്നത് കേൾക്കാനായാൽ ഈ ലോകത്ത് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും തെളിയിച്ചിരിക്കുകയാണ് ഈ അമ്മൂമ്മ.
Most Read| ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു- ഷൂട്ടിങ്ങിൽ സ്വർണം








































