താമരശ്ശേരി: ഒമ്പതാം ക്ളാസുകാരനെ പത്താം ക്ളാസ് വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. പുതുപ്പാടി ഗവ. ഹൈസ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഈ വിദ്യാർഥികളെ 14 ദിവസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പത്താം ക്ളാസിലെ 15 വിദ്യാർഥികൾ ക്ളാസ് മുറിക്കുള്ളിൽ വെച്ച് മർദ്ദിച്ചെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. തലയ്ക്കും കണ്ണിനും പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കണ്ണിനേറ്റ പരിക്ക് ഗുരുതരമാണോ എന്ന് വിലയിരുത്താൻ വിദ്യാർഥിയെ ഇന്ന് സ്വകാര്യ കണ്ണാശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ സ്കൂളിലെത്തിയത്. അതേസമയം, കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകിയില്ലെന്നും സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ, രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.
Most Read| 16ആം വയസിൽ സ്തനാർബുദം, ശസ്ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം







































