മലപ്പുറം: ജില്ലയിലെ പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎംആർ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്‌ത്രജ്‌ഞരും രണ്ട് ടെക്‌നിക്കൽ വിദഗ്‌ധരുമാണ് സംഘത്തിൽ ഉള്ളത്.
പ്രതിരോധ നടപടികൾ, പരിശോധന, ചികിൽസ തുടങ്ങിയവയിൽ ഐസിഎംആർ സംസ്‌ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കും. നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68-കാരനെ ട്രാൻസിറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
സ്രവപരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ മൂന്ന് ലബോറട്ടറി ഇന്ന് കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ വേഗത്തിൽ ഫലം ലഭ്യമാക്കാൻ സാധിക്കും. അതേസമയം, മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം തുടരുകയാണ്. കടകൾ രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. മാസ്‌ക് നിർബന്ധമായും ധരിക്കണം. സെക്കണ്ടറി സമ്പർക്ക പട്ടിക കൂടി ഉടൻ തയ്യാറാക്കും.
Most Read| ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും








































