കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 36 പേരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതിൽ അഞ്ചുപേരുടെ ഫലം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതൽ മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും.
ഇതിനായി ഭോപ്പാലിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് നിപ ബാധിച്ച കുട്ടിയുടെ വീട് ഉള്ള ചാത്തമംഗലം പ്രദേശത്തെ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുക. കൂടാതെ, മൃഗ സംരക്ഷണ ഉദ്യോഗസ്‌ഥർ എത്തി പ്രദേശത്തെ കാട്ടുപന്നികളുടെ സാമ്പിളുകളും ശേഖരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം വന്ന പത്ത് ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ രോഗലക്ഷണമുള്ള പത്ത് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
Also Read: നിപ; മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം