മലപ്പുറം: നിപ ബാധിച്ച് മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ഈ മാസം 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്‌റ്റോപ്പിൽ നിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ ട്യൂഷൻ സെന്ററിലേക്ക് പോയത്. പിന്നീട് വീട്ടിലേക്ക് വന്നു.
പനി ബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് എട്ടുമണിക്ക് ഓട്ടോയിൽ അടുത്തുള്ള ഡോ. വിജയൻ ക്ളിനിക്കിലെത്തി. 13ന് വീട്ടിൽ നിന്ന് ഓട്ടോയിൽ അടുത്തുള്ള പികെഎം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ കുട്ടികളുടെ ഒപി, കാഷ്വാലിറ്റി, നിരീക്ഷണ മുറി, കാന്റീൻ എന്നിവിടങ്ങളുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് 14ന് വീട്ടിലേക്ക് മടങ്ങി.
15ന് ഓട്ടോയിൽ വീണ്ടും പികെഎം ഹോസ്‌പിറ്റലിൽ എത്തിച്ചു. അവിടെ നിന്ന് വൈകിട്ട് ആറരയോടെ മൗലാന ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു ദിവസം അഡ്‌മിറ്റ് ആയതിന് ശേഷം 19ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പ്രവേശിച്ചു. ഇവിടെ വെച്ച് നിപ സ്‌ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിൽസയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. അതിനിടെ, നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎംആർ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്‌ത്രജ്‌ഞരും രണ്ട് ടെക്‌നിക്കൽ വിദഗ്‌ധരുമാണ് സംഘത്തിൽ ഉള്ളത്. പ്രതിരോധ നടപടികൾ, പരിശോധന, ചികിൽസ തുടങ്ങിയവയിൽ ഐസിഎംആർ സംസ്‌ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കും.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം







































