ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന കായിക പരിശീലനകേന്ദ്രമായ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് (എന്‍ഐഎസ് ) വീണ്ടും വിവാദത്തില്‍. ഇത്തവണ പരിശീലന കേന്ദ്രത്തിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ സംബന്ധിച്ച് ഹിമ ദാസ് അടക്കമുള്ള താരങ്ങള്‍ പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്ന താരങ്ങള്‍ക്ക് നല്കിയ ഭക്ഷണം വൃത്തിഹീനമായ ചുറ്റുപാടിലാണ് ഉണ്ടാക്കുന്നതെന്നും താരങ്ങള്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും താരങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഭക്ഷണം ക്രമം പിന്തുടരാനും കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സായി തയ്യാറായില്ല.
ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് മുൻനിര താരങ്ങളിൽ ഒരാളായ ഹിമ ദാസിന് ഭക്ഷണത്തില്‍ നിന്നും മനുഷ്യ നഖം ലഭിച്ചുവെന്നാണ് സൂചനകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അവര്‍ എന്‍ഐഎസ് ഭരണസമിതിയിലെ ഉന്നതര്‍ക്ക് അയച്ചു കൊടുത്തു. വിഷയം കായിക മന്ത്രി കിരണ്‍ റിജിജുവിനോട് ഉന്നയിച്ചുവെന്നും തുടര്‍ന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് സായി അധികൃതര്‍ മുഖേന നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉദ്യോഗസ്ഥരുടെ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ ഈയിടെ സ്ഥാപനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ക്വാറന്റൈന് ചട്ടങ്ങള്‍ പാലിക്കാതിരുന്ന ഒളിമ്പിക്സ് യോഗ്യത നേടിയ രണ്ട് ബോക്സര്‍മാരും നടപടി നേരിട്ടിരുന്നു.
Sports News: ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ വേണ്ട