ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻഡിഎയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“വികസനത്തിന്റെ കാര്യത്തിൽ ബിഹാർ ഏറെ പിന്നിലായിരുന്നു. റോഡ് സംവിധാനം, ഇന്റർനെറ്റ് സേവനം എന്നിവ ചർച്ച ചെയ്യപ്പെടാത്ത ഒരു കാലമുണ്ടായിരുന്നു. ബിഹാർ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ നിതീഷ് കുമാർ വലിയ പങ്കുവഹിച്ചു,”- മോദി പറഞ്ഞു.
നിതീഷ് കുമാറിനെതിരെ എൻഡിഎയിലെ ഒരുവിഭാഗം വിമതശബ്ദം ഉയർത്തുന്നതിനിടെ ആണ് അദ്ദേഹത്തെ ഉയർത്തിക്കാട്ടിയുള്ള മോദിയുടെ പ്രസ്താവന വരുന്നത്. കഴിഞ്ഞ ഒരു മാസമായി സഖ്യത്തിൽ പലരും നിതീഷിനെതിരെ വിമർശനാത്മക അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എൻഡിഎ സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) നിതീഷിന്റെ ജെഡിയുവിനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.
കോവിഡ് വ്യാപനം, കർഷക പ്രതിസന്ധി, തൊഴിലില്ലായ് മ എന്നിവ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിതീഷ് കുമാർ സർക്കാരിന് വീഴ്ച പറ്റിയെന്ന അഭിപ്രായം എൽജെപിക്ക് ഉണ്ടായിരുന്നു. ജൂലൈയിൽ, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തെ എൽജെപി പിന്തുണക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജെഡിയുവിനൊപ്പം പോകണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാൻ എൽജെപി യോഗം ചേർന്നിരുന്നു. എന്നാൽ, തീരുമാനം എടുക്കാനുള്ള അവകാശം രാംവിലാസ് പാസ്വാന് നൽകി യോഗം പിരിയുകയായിരുന്നു.
ജെഡിയുവിന് ഒപ്പം നിൽക്കണമെങ്കിൽ 43 സീറ്റുകൾ വേണമെന്നാണ് എൽജെപിയുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫോർമുല പ്രകാരമാണ് ഇത്രയും സീറ്റുകൾ ചോദിച്ചത്. എന്നാൽ എൽജെപിയുടെ ആവശ്യം അംഗീകരിക്കാൻ ജെഡിയു തയ്യാറല്ല. ഇത്രയും സീറ്റില്ലാതെ സഖ്യത്തിൽ നിൽക്കാനാകില്ലെന്ന നിലപാടിലാണ് എൽജെപിയും.







































