പാറ്റ്ന: 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് അവസാനിക്കും, ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു,”- നിതീഷ് കുമാർ പറഞ്ഞു.
എന്നാൽ ഇതിനു പിന്നാലെ പ്രതികരണവുമായി നിതീഷ് കുമാറിന്റെ എതിരാളികൾ രംഗത്തെത്തി. ഇതിന് മുൻപും സമാനമായ ‘മഹത്തായ’ പ്രഖ്യാപനങ്ങളിൽ നിതീഷ് കുമാർ ശ്രദ്ധേ നേടിയിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
Also Read: നവംബർ 10ന് ശേഷം തേജസ്വി യാദവിന് മുമ്പിൽ വണങ്ങേണ്ടി വരും; നിതീഷിനെ കടന്നാക്രമിച്ച് ചിരാഗ് പാസ്വാൻ
ബിഹാറിൽ 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ മൂന്നിന് 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നു. ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബർ 10നാണ് ഫലപ്രഖ്യാപനം.







































