കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് നിവിന്റെ തീരുമാനം. ദുബായിൽ എത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ പോളി ഉൾപ്പടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്.
കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് പരാതി. പരാതിയിൽ അന്വേഷണം നടക്കുകയാണ്. കേസിൽ നിവിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്‌തിരുന്നു.
2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂട്ടബലാൽസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് നിവിനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ, പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് നിവിൻ കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Most Read| ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും








































