കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും താൻ നടത്തിയ പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പൊറോട്ടയും ബീഫും നൽകി രഹ്‌ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പോലീസ് ആണെന്നും ഈ സർക്കാരാണ് അയ്യപ്പസംഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം. ഈ പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നു. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ഗൗനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ പറഞ്ഞ കാര്യം നേരത്തെ വിഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞിട്ടുണ്ടെന്നും അവർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബർ ആക്രമണമാണ് തനിക്ക് നേരെയുള്ളതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
”പ്രസ്‌താവനയിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു. കോട്ടയത്ത് പോലീസ് ക്ളബിൽ രഹ്‌ന ഫാത്തിമയ്‌ക്കും ബിന്ദു അമ്മിണിക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. പിന്നീട് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ഇവർ രണ്ടുപേരും പറഞ്ഞപ്പോൾ ഉണ്ടാവാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്”- എംപി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ചു യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എംപിയുടെ വിവാദ പ്രസംഗമുണ്ടായത്. പൊറോട്ടയും ബീഫും നൽകി രഹ്‌ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച സർക്കാർ വിശ്വാസത്തെ വികലമാക്കി. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തതെന്നും എംപി വിമർശിച്ചിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!