ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഡിസിസി ട്രഷറർ എൻഎം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസ്.
ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ അന്തരിച്ച ഡിസിസി പ്രസിഡണ്ട് പിവി ബാലകൃഷ്‌ണൻ എന്നിവരാണ് മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാല് നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് വിജയന്റെ ആത്‍മഹത്യാ കുറിപ്പിലുണ്ട്.
ഇന്നലെയാണ് ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് ബത്തേരി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. തുടർന്ന് ഇന്ന് എൻഎം വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു. ഐസി ബാലകൃഷ്‌ണൻ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.
ആത്‍മഹത്യാക്കുറിപ്പ് വന്നതിന് പിന്നാലെയാണ് ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കൂടി ചേർത്ത് കേസെടുത്തത്. കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ ഐസി ബാലകൃഷ്‌ണൻ ഉൾപ്പടെയുള്ളവർക്ക് പോലീസിന് മുന്നിൽ ഹാജരാകേണ്ടി വരും. അതേസമയം, സഹകരണ ബാങ്ക് നിയമനക്കോഴ പരാതികളിൽ എൻഎം വിജയൻ ഉൾപ്പടെ ആറ് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ്, അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജി എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക