ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. ജാമ്യ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്. എന്നാൽ, ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി വിധി.
സാക്ഷി വിസ്‌താരം പൂർത്തിയായ ശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്ന് സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്‌ത കുറ്റകൃത്യത്തിന്റെ വ്യാപ്‌തി അറിയാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. ജസ്‌റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
താൻ മാനസിക പ്രശ്‌നങ്ങളുള്ള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ, പ്രതിയുടെ മാനസിക നിലയ്‌ക്ക് പ്രശ്‌നമില്ലെന്ന് സംസ്‌ഥാന സർക്കാരിന്റെ റിപ്പോർട് കോടതി അംഗീകരിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കേസിൽ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് സംസ്‌ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞതവണ ഹരജി പരിഗണിച്ചപ്പോഴും സുപ്രീം കോടതി ഇതുസംബന്ധിച്ചു സർക്കാരിനോട് റിപ്പോർട് തേടിയിരുന്നു.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി