ആലക്കോട്: നിരവധിയായ ക്ഷീരകർഷകരും മൃഗ പരിപാലകരും ആശ്രയിക്കുന്ന ആലക്കോട് മൃഗാശുപത്രിയിൽ ഡോക്ടറില്ലെന്ന് നാട്ടുകാരുടെ പരാതി. ഒരു വർഷത്തോളമായി ഇവിടെ ചികിൽസ നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഡോക്ടറില്ലാതായ ആദ്യ ആറുമാസത്തോളം ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്ടർക്കായിരുന്നു ഇവിടെ അധിക ചുമതല ഉണ്ടായിരുന്നത്. പിന്നീട് ചപ്പാരപ്പടവ് പഞ്ചായത്തിലെ പെരുമ്പടവ് മൃഗാശുപത്രിയിലെ ഡോക്ടർക്കായി ചുമതല. എന്നാൽ അവിടത്തെ തിരക്കൊഴിവാക്കി ആലക്കോട് ആശുപത്രിയിൽ എത്തുക ഏറെ ബുദ്ധിമുട്ടാണ്.
നിരവധി ക്ഷീരസഹകരണ സംഘങ്ങളും പാൽസംഭരണ കേന്ദ്രങ്ങളുമുള്ള ആലക്കോട് മേഖലയിൽ പശു അടക്കമുള്ള മൃഗങ്ങൾക്ക് രോഗം ബാധിച്ചാൽ ചികിൽസ ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ.
കൂടാതെ കാലികളെയും മറ്റും ഇൻഷുറൻസ് കാര്യങ്ങൾക്കും സർട്ടിഫിക്കറ്റിനും മറ്റും സൗകര്യമില്ലാത്തത് ബാങ്ക് വായ്പയുൾപ്പടെ ആനുകൂല്യങ്ങൾ കിട്ടുന്നതിന് ക്ഷീരകർഷകർക്ക് തടസം സൃഷ്ടിക്കുന്നു.
ആലക്കോട് മൃഗാശുപത്രിയിൽ എത്രയും വേഗം ഒരു സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Malabar News: മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം






































