തിരുവനന്തപുരം: കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെന്നും ജല കമ്മീഷൻ പ്രളയ വിഭാഗം ഉദ്യോഗസ്‌ഥ ഡോ. സിനി മെനോഷ് വ്യക്‌തമാക്കി.
മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും കമ്മീഷൻ പറഞ്ഞു.
കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ നദികളിലായിരുന്നു കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയർന്ന സാഹചര്യമുണ്ടായിരുന്നത്. എന്നാൽ രണ്ട് ജില്ലകളിലേയും നദികളിലെ ജലനിരപ്പ് ഇന്ന് താഴ്‌ന്നതായി ഡോ. സിനി മെനോഷ് ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിൽ എന്നീ നദികളിലാണ് ജനനിരപ്പ് അപകട നിലയ്‌ക്ക് മുകളിൽ നിൽക്കുന്നത്. ഇത് കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്നുണ്ട്.
ഇടുക്കി ഡാം ഉൾപ്പടെ കേരളത്തിലെ വലിയ രണ്ട് ഡാമുകളിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മീഷൻ പരിശോധിക്കുന്നത്. അപകട നിലയ്‌ക്ക് മുകളിൽ എത്തിയാൽ മാത്രമാണ് ഈ ഡാമുകൾ തുറന്നുവിടുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജല കമ്മീഷൻ പറയുന്നത്.
Most Read: ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും







































