കൽപ്പറ്റ: നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയിയെ സ്‌ഥലം മാറ്റി. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്‌റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാണിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ. കുറുക്കൻമൂലയിൽ കാടുവാ ഭീതി നിലനിൽക്കെയാണ് ഡിഎഫ്ഒയെ സ്‌ഥലം മാറ്റിയത്. കുറുക്കൻമൂലയിൽ കടുവ നാട്ടിലിറങ്ങിയെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതിയും നിർദ്ദേശിച്ചിരുന്നു.
ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാവണമെന്നാണ് കോടതിയുടെ നിർദ്ദേശം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോർട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ക്ഷീര കർഷകർക്കും, സ്‌കൂൾ കുട്ടികൾക്കും, കാപ്പിത്തോട്ടങ്ങളിലും വയലുകളിലും പണി എടുക്കുന്നവർക്കും സുരക്ഷാ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പോലീസ് ഈ മേഖലയിൽ പട്രോളിങ് ഏർപ്പെടുത്തണം.
മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബിക്കും കോടതി നിർദ്ദേശം നൽകിയിരുന്നു. കുറുക്കൻമൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപെട്ടതല്ലെന്ന് സ്‌ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്‌ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് അയച്ചിരിക്കുകയാണ്. കടുവയെ പിടികൂടാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുമ്പോഴാണ് നോർത്ത് വയനാട് ഡിഎഫ്ഒയുടെ സ്‌ഥലംമാറ്റം.
Most Read: മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്‌ടർമാർ





































