പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇനി പുലിക്കുട്ടി വനംവകുപ്പ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ പൂർണ സംരക്ഷണത്തിലായിരിക്കും.
വനംവകുപ്പിന്റെ സംരക്ഷണത്തിലുള്ള പുലിക്കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമല്ലെന്ന് നേരത്തെ ഡോക്ടർ പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതിനൊപ്പം തൃശ്ശൂരിലേക്ക് മാറ്റുന്നതിന് അനുമതിക്കായി വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് കത്തും നൽകിയിരുന്നു. തുടർന്നാണ് പുലിക്കുട്ടിയെ രാത്രിയോടെ അകമലയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസിലേക്ക് മാറ്റിയത്.
പുലിക്കുട്ടികളെ കണ്ടെത്തിയ അകത്തേത്തറ ഉമ്മിനിയിലെ ആൾതാമസമില്ലാത്ത വീടും പരിസരവും വനംവകുപ്പും പഞ്ചായത്തും ചേർന്ന് കാടുവെട്ടിത്തെളിച്ചു. ഒരു കുട്ടിയെ കൊണ്ടുപോയ സാഹചര്യത്തിൽ ഇനി അമ്മപ്പുലി എത്തിയേക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതെങ്കിലും വേളയിൽ ഇവിടേക്കെത്തിയാലും പുലിക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കാനാണ് കാട് വെട്ടിത്തെളിച്ചത്. കൂടാതെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കൂടും ഇന്ന് നീക്കം ചെയ്യും.
Most Read: ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല; എഡിജിപി ശ്രീജിത്ത്







































