തിരുവനന്തപുരം: കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് പ്രതികരിച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എഡിജിപി അവകാശപ്പെട്ടു.
ദിലീപിന്റെ അറസ്‌റ്റിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പോലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂർത്തിയായി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്‌തമായാണ് പരിശോധന നടത്തിയത്. വിചാരണ കോടതിയിൽനിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽനിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശേരി എസ്ഐ ദിലീപിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് ഉണ്ടായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ഒരു തോക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ടെത്താനാണ് പരിശോധനയെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ പ്രതികരണം. ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ പറയുന്ന മറ്റു വസ്‌തുതകൾ സ്‌ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണ സംഘം തേടുന്നുണ്ട്. സൈബർ വിദഗ്‌ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടെന്നാണ് വിവരം.
അതേസമയം ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
Most Read: എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്