മലപ്പുറം: കർശന കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവ് കുറഞ്ഞു. പ്രവേശനം അനുവദിക്കണമെങ്കിൽ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചവരോ, 3 ദിവസം മുൻപെടുത്ത ആർടിപിസിആർ രേഖ കൈവശമുള്ളവരോ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം.
ടൂറിസം കേന്ദ്രങ്ങളിൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും പ്രവേശനത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ സന്ദർശകരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ പ്രധാന കാരണം. എന്നാൽ രക്ഷിതാക്കൾക്കൊപ്പമുള്ള, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ എത്തിയെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ മിക്കവരെയും മടക്കി അയക്കുകയായിരുന്നു.
ജില്ലയിലെ തേക്ക് മ്യൂസിയത്തോട് ചേർന്നുള്ള ജൈവ വിഭവ ഉദ്യാനത്തിൽ മാത്രമാണ് നിലവിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുക. ഇവിടെ ഇന്നലെ സന്ദർശനത്തിനായി എത്തിയ ആളുകളിൽ പലരെയും പരിശോധനക്ക് ശേഷം മടക്കി അയക്കുകയായിരുന്നു. കൂടാതെ വനംവകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലും സന്ദർശകർ ഉണ്ടായിരുന്നില്ല. ഇവിടെ ചാലിയാറിന് അക്കരെയുള്ള കനോലി തേക്ക് തോട്ടത്തിലേക്ക് തോണി, ജങ്കാർ സർവീസുകളും നിലവിലില്ല.
Read also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നടപടി ആരംഭിച്ചു





































