ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല. ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി തിരികെ ലഭിക്കണമെന്ന പ്രമേയം ജമ്മു കശ്‌മീർ മന്ത്രിസഭാ യോഗം പാസാക്കിയിരുന്നു. പ്രമേയം പ്രധാനമന്ത്രിക്ക് ഒമർ അബ്‍ദുല്ല കൈമാറിയതായാണ് സൂചന.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഒമറിന്റെ ആദ്യ ഡെൽഹി സന്ദർശനമായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളിലാണ് ഒമർ അബ്‌ദുല്ലയുടെ നാഷണൽ കോൺഫറൻസ് വിജയിച്ചത്. 90 അംഗ നിയമസഭയിൽ 54 അംഗങ്ങളാണ് ഇന്ത്യാ സഖ്യത്തിനുള്ളത്. കഴിഞ്ഞദിവസം ഡെൽഹിയിലെത്തിയ ഒമർ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ജമ്മു കശ്‌മീരിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. കശ്‌മീരി പരമ്പരാഗത ഷാൾ ഗഡ്‌കരിക്ക് മുഖ്യമന്ത്രി ഒമർ അബ്‍ദുല്ല സമ്മാനിച്ചു. ബുധനാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഒമർ അബ്‌ദുല്ല കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജമ്മു കശ്‌മീരിന് സംസ്‌ഥാന പദവി തിരിച്ചുനൽകുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്‌തത്.
സത്യപ്രതിജ്‌ഞ കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്‌ച ശ്രീനഗറിലെ സിവിൽ സെക്രട്ടറിയേറ്റിലാണ് ജമ്മു കശ്‌മീർ മന്ത്രിസഭയുടെ ആദ്യ യോഗം ചേർന്നത്. യോഗത്തിൽ നാഷണൽ കോൺഫറൻസിലെ അബ്‌ദുൽ റഹീമിനെ നിയമസഭയുടെ പ്രേം ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു. ജനങ്ങളോടുള്ള പെരുമാറ്റം സൗഹൃദപരമായിരിക്കണമെന്ന് കാബിനറ്റ് യോഗത്തിൽ ഒമർ അബ്‌ദുല്ല നിർദ്ദേശിച്ചു.
അധികാരത്തിലെത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഒമർ ഓർമിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ ഏക വനിത. ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ എന്നിവരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത മറ്റുള്ളവർ.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും