കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് ചികിൽസയിൽ ഉള്ളവരുടെ എണ്ണം എട്ടായി.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേർ വീതവും വയനാട് ജില്ലയിൽ നിന്നുള്ള രണ്ടുപേരുമാണ് ആശുപത്രിയിൽ ഉള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്‌ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചുവെന്നാണ് വിവരം.
മലപ്പുറം സ്വദേശിയായ 49കാരൻ, മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി, കോഴിക്കോട് ഓമശ്ശേരിയിൽ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 38കാരൻ, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരൻ, വയനാട് ബത്തേരി സ്വദേശിയായ 45കാരൻ എന്നിവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിൽസയിലുള്ളത്.
അതേസമയം, രോഗത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കാൻ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളതെന്നാണ് നിഗമനം. എന്നാൽ, ചികിൽസയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തിൽ മാത്രമാണ് കുളിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ചികിൽസയിലുള്ള ചിലർ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വേനൽക്കാലത്താണ് മുൻപ് കൂടുതൽ രോഗബാധ കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഴക്കാലത്തും രോഗവാഹക അമീബയുടെ സാന്നിധ്യം കണ്ടതോടെ ആരോഗ്യവകുപ്പ് കൂടുതൽ പഠനത്തിന് ഒരുങ്ങുകയാണ്.
എന്താണ് മസ്‌തിഷ്‌ക ജ്വരം (മെനിഞ്ചോ എൻസെഫലൈറ്റിസ്)
വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്.
മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്‌ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെയ്‌ഗ്‌ളേറിയ ഫൗളറി ആളുകളെ ബാധിക്കുന്നത്.
അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്‌തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം