തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം പത്തായി ഉയർന്നു. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്‌ക്ക് എത്തിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീം (59) ഇന്നലെ രോഗം ബാധിച്ചു മരിച്ചിരുന്നു. റഹീമിനോപ്പം ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന ആളെയും സമാന ലക്ഷണങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് കോട്ടയം സ്വദേശി ശശിയെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി ചെയ്‌തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നും വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്‌ചയാണ് റഹീമിനെ ഗുരുതരാവസ്‌ഥയിൽ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കോഴിക്കോട്ട് അബോധാവസ്‌ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്‌ഥ പരിഗണിച്ച് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചത്. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്.
Most Read| ഫീസ് വർധന 21 മുതൽ പ്രാബല്യത്തിൽ; എച്ച്1 ബി വിസക്കാർ യുഎസ് വിടരുതെന്ന് കമ്പനികൾ