മുംബൈ: മഹാരാഷ്ട്രയിൽ ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 5 ആയി ഉയർന്നിട്ടുണ്ട്. 8 പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരിൽ 7 പേർ ഇഗത്പുരി സ്വദേശികളും, ഒരാൾ മുംബൈ സ്വദേശിയുമാണ്.
പ്രതികൾ എല്ലാവരും സ്ഥിരം കുറ്റവാളികൾ ആണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലക്നൗ-മുംബൈ പുഷ്പക് ട്രെയിനിൽ വച്ച് 20കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയത്. എട്ടംഗ സംഘം ആയുധങ്ങളുമായി സ്ളീപ്പർ കോച്ചിൽ എത്തിയ ശേഷം ആക്രമണവും, കവർച്ചയും നടത്തുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്.
ആക്രമണം തടയാൻ ശ്രമിച്ച യാത്രക്കാർക്ക് നേരെ സംഘം കത്തി വീശുകയും, 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ കസാറയിൽ എത്തിയതിന് ശേഷമാണ് റെയിൽവേ പോലീസ് സഹായത്തിനെത്തിയത്. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർ രണ്ട് പ്രതികളെ ട്രെയിനിൽ വച്ചും രണ്ട് പേരെ മണിക്കൂറുകൾക്കകവും അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതികളിൽ നിന്നും 34,000 രൂപയുടെ മോഷണ വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ബലാൽസംഗം, കവർച്ച എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇനി 3 പ്രതികൾ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read also: ഇറാഖിൽ മാദ്ധ്യമ പ്രവര്ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ








































