ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ. ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി.
ഓൺലൈൻ വാതുവയ്പ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിങ് പരസ്യത്തിൽ അഭിനയിക്കുന്നത് നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്‌ഥയുണ്ട്. ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും.
2023 ഒക്‌ടോബർ മുതൽ ഓൺലൈൻ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഓൺലൈൻ ഗെയിമുകളിൽ വിജയിക്കുന്ന തുകയ്‌ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. രജിസ്‌റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകൾ ബ്ളോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.
കഴിഞ്ഞമാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ച സിനിമാ താരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയും ഇഡി കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്‌ജു ലക്ഷ്‌മി എന്നീ താരങ്ങൾക്കെതിരെ ആയിരുന്നു കേസ്. ബെറ്റിങ് ആപ്പിന്റെ പ്രചാരണത്തിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാകാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ സംശയിക്കുന്നുണ്ട്.
Most Read| ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും നൽകാൻ തയ്യാർ; ചൈനീസ് വിദേശകാര്യ മന്ത്രി