കൊച്ചി: കടവന്ത്ര സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക് എത്തിയ മലയാളി യുവതിയെ ഇന്നലെ അറസ്‌റ്റ് ചെയ്യുകയും, കൂടുതൽ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും ചെയ്‌തു.
കൊല്ലം അഞ്ചൽ സ്വദേശിനി ജി. സുജിതയെ (35) ആണ് സൈബർ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. തട്ടിപ്പുകാർ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്. ഇതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ സുജിതയുടെ പേരിലുള്ളതാണ്.
ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്ക് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. സുജിത കമ്മീഷൻ വാങ്ങിയതിലും തെളിവ് ലഭിച്ചു. സുജിത റിമാൻഡിലാണ്. ഇവരിൽ നിന്ന് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊച്ചി സൈബർ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് ഡിസിപി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
രാജ്യാന്തര സൈബർ മാഫിയകൾക്ക് തട്ടിപ്പിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കാലിഫോർണിയയിലാണെന്നും ഇടപാടുകാരെ സമീപിക്കുന്ന കോൾസെന്റർ സൈപ്രസിലാണെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ ട്രേഡിങ് കമ്പനിക്കെതിരെ മറ്റ് സംസ്‌ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.
2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബർ കൊള്ള സംഘം തട്ടിയെടുത്തത്. വ്യാജ വെബ്‌സൈറ്റ് വഴി ട്രേഡിങ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ടുകൾ വിലയ്‌ക്ക് വാങ്ങിയുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്. വാങ്ങിയ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കുമെങ്കിലും കേസുകളിൽ ആദ്യം പിടിയിലാകുന്നത് ബാങ്ക് അക്കൗണ്ട് ഉടമകളായിരിക്കും.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി