കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വെച്ചത് വിവാദമാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ പാർക്കിൽ സ്‌ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകമാണ് എടുത്തുമാറ്റിയത്.
പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റെയും കടലോര നടപ്പാതയുടെയും ഉൽഘാടനം 2015 മേയ് 15നാണ് ഉമ്മൻ ചാണ്ടി നിർവഹിച്ചത്. ഇതിന്റെ ഫലകം എടുത്തുമാറ്റി, പകരം 2022 മാർച്ച് ആറിന് പാർക്കും നടപ്പാതയും നവീകരിച്ചത് മന്ത്രി റിയാസ് ഉൽഘാടനം ചെയ്‌തു എന്ന പേരിലുള്ള ഫലകം വെച്ചു. ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിൻമേൽ ചൂലെടുത്ത് വെച്ചതായാണ് കണ്ടതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ആരോപിച്ചു.
ഉമ്മൻ ചാണ്ടിയോടുള്ള അനാദരവിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ടൂറിസം സെക്രട്ടറി കെ ബിജുവിന് ഡിസിസി പ്രസിഡണ്ട് പരാതി നൽകി. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഫലകം കോൺഗ്രസ് പ്രവർത്തകർ പാർക്കിന്റെ കവാടത്തിന് താഴെവെച്ചു. ഇതെടുത്ത് മാറ്റിയാൽ ശക്‌തമായ പ്രതിഷേധം ഉണ്ടക്കയുമെന്ന മാർട്ടിൻ ജോർജ് പറഞ്ഞു. വിഷയത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികളെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!