ന്യൂഡെൽഹി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 10നുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ നൽകിയ വിവരം.
ഇന്ന് രാവിലെ 8 മണിക്കുള്ളിൽ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങൾ ഡെൽഹി വിമാനത്താവളത്തിലും, 2 എയർഫോർസ് വിമാനങ്ങൾ ഹിൻഡൻ എയർ ബേസിലും എത്തും. കൂടുതൽ എയർഫോഴ്‌സ് വിമാനങ്ങൾ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും. കീവിൽ നിന്നും രക്ഷപ്പെട്ട് അതിർത്തികളിൽ എത്തിയ വിദ്യാർഥികളാകും വരും ദിവസങ്ങളിൽ കൂടുതലായും ഇന്ത്യയിലെത്തുക.
അതേസമയം ഖാർകീവിലുള്ള കൂടുതൽ മലയാളി വിദ്യാർഥികൾക്ക് അതിർത്തികളിലേക്കുള്ള ട്രെയിനിൽ കയറാൻ സാധിച്ചത് ആശ്വാസമാവുകയാണ്. അതിനിടെ, പ്രതിരോധ മന്ത്രാലയം നൽകിയ സമാന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്‌ജമാകണമെന്നാണ് നിർദ്ദേശം.
ഖാർകീവിലെ ഇന്ത്യൻ വിദ്യാർഥികൾക്കാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കർശന മുന്നറിയിപ്പ് നൽകിയത്. ഇപ്പോഴുള്ളതിലും കടുത്ത ആക്രമണങ്ങൾ ഖാർകീവിൽ നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമായതോടെയാണ് കർശന മുന്നറിയിപ്പുമായി എംബസി പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർഥികളും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.
Most Read: മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ