ശ്രീനഗർ: ഇന്ത്യ-പാക്ക് സംഘർഷ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിർത്തി സംസ്‌ഥാനങ്ങളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏത് സാഹചര്യവും നേരിടാൻ കര-നാവിക-വ്യോമസേനകൾ സജ്‌ജമാണ്. രാജ്യമെങ്ങും ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടം ഉണ്ടായേക്കുമെന്നാണ് സൂചന. പാക്ക് പ്രകോപനമുണ്ടായാൽ ശക്‌തമായ തിരിച്ചടി നൽകുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
കൂടുതൽ ഭീകര ക്യാമ്പുകൾ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാക്കിസ്‌ഥാൻ പ്രകോപനം തുടർന്നാൽ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ പ്രതികരിച്ചത്. തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുള്ള സാഹചര്യം വിലയിരുത്താൻ സർവകക്ഷി യോഗം ചേരുന്നുണ്ട്. രാവിലെ 11 മണിക്ക് പാർലമെന്റിൽ ചേരുന്ന യോഗത്തിൽ പ്രതിരോധമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കും. സൈന്യത്തിന്റെ തുടർ നീക്കങ്ങളും ചർച്ചയാകും. അതിനിടെ, പാക്കിസ്‌ഥാന്റെ പ്രത്യാക്രമണം നേരിടാൻ ഇന്ത്യ പൂർണ സജ്‌ജമായി.
കര-നാവിക-വ്യോമ സേനകൾ പ്രതിരോധം ശക്‌തമാക്കി. നാവികസേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറാണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിങ് നടത്തുന്നുണ്ട്. അതിനിടെ, രാജ്യത്തെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ- സർവീസ് സ്‌ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്‌ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചതായാണ് വിവരം. ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിലെല്ലാം പാക്ക് സേനാ സാന്നിധ്യം വർധിപ്പിച്ചതായാണ് റിപ്പോർട്. പ്രത്യാക്രമണം നടത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാക്കിസ്‌ഥാനിലെ വ്യോമാതിർത്തി പൂർണമായി അടച്ചിടാനും തീരുമാനിച്ചു.
ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക്ക് വിമാനങ്ങൾ എത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജമ്മു കശ്‌മീരിലെ അതിർത്തി മേഖലകളിൽ പാക്കിസ്‌ഥാന്റെ ആക്രമണം തുടരുകയാണ്. കുപ്‍വാര, ഗുരേസ് സെക്‌ടറുകളിലാണ് പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
Most Read| ‘ഇന്ത്യ ഉപയോഗിച്ചത് തിരിച്ചടിക്കാനുള്ള അവകാശം; ആക്രമണം ക്ളിനിക്കൽ പ്രിസിഷനോടെ’