ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ പ്രയോഗിച്ചെന്നാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ.
ഇസ്രയേൽ നിർമിത ബരാക്-8 മിസൈലുകളും ഹാർപി ഡ്രോണുകളുമാണ് ഇന്ത്യ പ്രയോഗിച്ചതെന്നും നെതന്യാഹു പറഞ്ഞു. ”ഞങ്ങൾ നൽകിയ ആയുധങ്ങൾ യുദ്ധക്കളത്തിൽ നന്നായി പ്രവർത്തിച്ചു. യുദ്ധക്കളത്തിൽ ഞങ്ങൾ ആയുധങ്ങൾ വികസിപ്പിക്കുന്നു. അവ യുദ്ധത്തിൽ പരീക്ഷിക്കുകയും ചെയ്യും. അവ നന്നായി പ്രവർത്തിച്ചു, ഞങ്ങൾക്ക് വളരെ മികച്ചൊരു അടിത്തറയുണ്ട്”- ഹമാസിനെ ഇല്ലാതാക്കാനായി ഗാസയിലെ സൈനികാക്രമണങ്ങൾ വർധിപ്പിക്കാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി നെതന്യാഹു പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രയേൽ. ഭീകരർക്ക് കനത്ത മറുപടി നൽകേണ്ടത് അത്യാവശ്യമായിരുന്നു എന്നാണ് ഇസ്രയേലിന്റെ മുംബൈയിലെ കോൺസൽ ജനറലായ കോബി ശോഷാനി പറഞ്ഞത്.
മേയ് ഏഴിന് ആരംഭിച്ച് ഏകദേശം 100 മണിക്കൂറോളം നീണ്ടുനിന്ന പാക്ക് മിസൈൽ ആക്രമണങ്ങളെ തുരത്താൻ ഇന്ത്യൻ സൈന്യം ബാരാക് മിസൈലുകളും ഹാർപി ഡ്രോണുകളും തദ്ദേശീയമായി നിർമിച്ച ആയുധങ്ങളാണ് ഉപയോഗിച്ചത്. റഷ്യൻ നിർമിത എസ്-400 വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ ഉപയോഗിച്ചിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!








































