ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്‌ത പോലെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. ഒരുതെറ്റും കൂടാതെ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും സേന പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ചേർന്ന കാബിനറ്റ് മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. പാക്കിസ്‌ഥാനിലെയും പാക്ക് അധിനിവേശ കശ്‌മീരിലെയും ഒമ്പത് ഭീകരപരിശീലന ക്യാമ്പുകളെയാണ് ബുധനാഴ്‌ച പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യംവെച്ചത്. മുൻകൂട്ടി തയ്യാറാക്കിയ തയാറെടുപ്പുകൾ കർശനമായി പാലിച്ചുകൊണ്ട് സൈന്യം വളരെ കൃത്യതയോടെ ദൗത്യം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചു.
കാബിനറ്റ് യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി രാഷ്‍ട്രപതി ഭവനിലെത്തി രാഷ്‍ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്‍ട്രപതിയോട് സംസാരിക്കും. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് വിവരം.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി