ന്യൂഡെൽഹി: ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പഹൽഗാമിന് ശേഷം കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് പാക്കിസ്‌ഥാനിലെയും പാക്ക് അധീന കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ ഇന്ന് പുലർച്ചെ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിക്രം മിസ്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തുപറഞ്ഞാണ് വിക്രം മിസ്രി വാർത്താസമ്മേളനം ആരംഭിച്ചത്.
ജമ്മു കശ്‌മീരിൽ സമാധാനം തിരിച്ചെത്തിയെന്നത് മനസിലാക്കി അത് തകർക്കാനാണ് പഹൽഗാമിൽ ഭീകരർ ശ്രമിച്ചത്. പൈശാചികമായ ആക്രമണമായിരുന്നു അത്. ഇന്ത്യക്ക് നേരെയുണ്ടായ ആക്രമണമായിരുന്നു. കശ്‌മീരിലെ വിനോദസഞ്ചാര മേഖല തകർക്കുകയെന്നതും ഇന്ത്യയിലെ സാമുദായിക സൗഹാർദ്ദം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ഇന്ത്യൻ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തി.
ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകി. ഇന്ത്യ ഇന്ന് പുലർച്ചെ ആക്രമിച്ചത് പാക്കിസ്‌ഥാനിലെ ഭീകരരെയും അവരുടെ താവളങ്ങളുമാണ്. പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാക്കിസ്‌ഥാൻ അവരുടെ മണ്ണിലെ ഭീകരർക്കെതിരെ ഒരു നടപടി പോലും എടുത്തില്ല. അതിനാലാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്ക് വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിക്രം മിസ്രി പറഞ്ഞു.
ഭാവൽപുർ മുതൽ മുസഫറാബാദ് വരെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതായി സംയുക്‌ത സേന അറിയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകര കേന്ദ്രങ്ങൾ പക്കിസ്‌ഥാൻ വളർത്തിയെടുത്തിരുന്നു. ഇതാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തകർത്തത്. സാധാരണക്കാരെ ഒഴിവാക്കി ഭീകരകേന്ദ്രങ്ങൾ മാത്രം ലക്ഷ്യംവച്ചുള്ള പ്രിസിഷൻ അറ്റാക്കാണ് നടന്നതെന്നും സംയുക്‌ത സേന വ്യക്‌തമാക്കി.
ഇന്ത്യ തകർത്ത ഭീകര ക്യാമ്പുകളുടെ ചിത്രങ്ങളും വാർത്താ സമ്മേളനത്തിനിടെ പുറത്തുവിട്ടു. ‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിന് വേണ്ട ആയുധങ്ങൾ വരെ തിരഞ്ഞെടുത്തത്. അതായത്, ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കിൽ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാൻ വേണ്ടിയാണിത്. സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടില്ല. അതീവ സൂക്ഷ്‌മതയോടെ ആയിരുന്നു ആക്രമണം. ഒരു സർജറി നടത്തുന്നത്ര ക്ളിനിക്കൽ പ്രിസിഷനോടെ എന്നും സംയുക്‌ത സേന വ്യക്‌തമാക്കി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’